സരസ്വതി വിദ്യാലയം
കാസറഗോട്ടെ ചൂട് ചിലപ്പോളൊക്കെ അസഹനീയമാണ്, പ്രത്യേകിച്ച് മൊട്ടക്കുന്നുകളിലൂടെ കടന്നു പോകുന്ന റോഡിൽ. വില കുറവായത് കൊണ്ടാവാം, ആ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അങ്ങനെ ഒരു സ്ഥാപനത്തിലാണ് സഹധർമ്മിണി ജോലി ചെയ്തിരുന്നത്.
വൈകി എത്തേണ്ട ഒരു ദിവസം സ്‌കൂളിൽ കൊണ്ട് ചെന്നാക്കി വരുമ്പോൾ നട്ടുച്ച വെയിലിൽ മുഷിഞ്ഞ വെള്ള ഷർട്ടും മുട്ടിന് താഴെ നിൽക്കുന്ന ഒരു മുണ്ടും ധരിച്ച ഒരു വയോവൃദ്ധൻ പതിയെ റോഡരികത്തൂടെ നടക്കുന്നത് കണ്ടു. ശ്രദ്ധിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഒരു കൈയിൽ ഒരു ഭാണ്ഡവും മറുകൈയിൽ ഒരുകൂട്ടം ഇലകളും. കുറച്ചു നീങ്ങി ഒരു ചെറിയ കട കണ്ടപ്പോൾ ദാഹം തീർക്കാമെന്ന് കരുതി വാഹനം നിർത്തി ഒരു ഗ്ലാസ്സ് തണുത്ത സംഭാരം കുടിച്ചു തീർത്തപ്പോഴേക്കും അദ്ദേഹം അവിടെ നടന്നെത്തിയിരുന്നു.
‘എന്താ കൈയിൽ?’ ആകാംക്ഷ മറച്ചു വയ്ക്കാനാകാതെ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹമാട്ടെ ഒന്നും മിണ്ടാതെ കടയുടെ മുന്നിൽ കണ്ട ബെഞ്ചിൽ തന്റെ ഭാണ്ഡം ഇറക്കി വച്ച് നെറ്റിയിലെ വിയർപ്പ് തുടച്ച് എന്നെയൊന്ന് നോക്കി. ‘പച്ചമരുന്നാണ്. ഒരു എണ്ണയുണ്ടാക്കണം’. ഇത് കൂടി കേട്ടപ്പോൾ ആവേശം മൂത്ത് അദ്ദേഹത്തിന്റെ മുന്നിലുള്ള ബെഞ്ചിൽ ഞാനും സ്ഥലം പിടിച്ചു.
തങ്ങളുടെ അറിവുകൾ മറ്റാർക്കും പകർന്നു കൊടുക്കാതെ യാത്രയായ ഒട്ടനവധി പേരുണ്ട്. പല മരുന്നുകളും അലോപ്പതി മരുന്നുകളേക്കാൾ വേഗത്തിൽ ആശ്വാസം തരുന്നവ. വല്ല അറിവും കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാനും അദ്ദേഹത്തെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ആവേശത്തോടെ അദ്ദേഹം പറയുന്ന കൂട്ടത്തിൽ തന്റെ ജീവിത കഥയും അദ്ദേഹം പറഞ്ഞു.
ആരോഗ്യ ദൃഢഗാത്രനായ അദ്ദേഹത്തിന് നൂറു വയസ്സ് കഴിഞ്ഞിരിക്കും എന്ന് സംസാരത്തിൽ നിന്ന് വ്യക്തമായി. സ്‌കൂളിൽ പോയിട്ടില്ല. ഒരുപക്ഷെ കൊടും കാടാണെന്ന് പറയാവുന്ന ആ പ്രദേശങ്ങളിൽ നിന്ന് ഒരു വിദ്യാലയം അവർക്ക് അപ്രാപ്യമായിരുന്നിരിക്കാം. പക്ഷെ പഠിക്കണമെന്ന മോഹം കലശലായി ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു തുടങ്ങി.
“അങ്ങനെയിരിക്കെയാണ് പ്രമാണിയായ ഒരു നായനാർ ഞങ്ങളെ തേടി വരുന്നത്. വിദ്യാഭ്യാസം അപ്രാപ്യമായ സമീപ വാസികൾക്കായി ഒരു എഴുത്തുശാല – ഇതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. എല്ലാവരും കൂടി ഒരു പ്രദേശം കണ്ടെത്തി കാട് വെട്ടിത്തെളിച്ച് ഒരു കൂരയുണ്ടാക്കി അതിനെ പള്ളിക്കൂടമെന്ന് വിളിച്ചു. അദ്ദേഹം തന്നെയായിരുന്നു അധ്യാപകനും മാനേജരും ഒക്കെ. പ്രഭാതങ്ങളിൽ ഓരോ വീടുകളിൽ ചെന്ന് പട്ടിണിയും പരിവട്ടങ്ങളുമായി കഴിഞ്ഞിരുന്ന കുടിയാന്മാരുടെ കുട്ടികളെ വിളിച്ചുണർത്തി എഴുത്തുശാലയിലെത്തിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. പ്രാകൃത രൂപികളായിരുന്നു മിക്കവരും. അവരെ സമീപത്തുള്ള തോട്ടിന്റെ കരയിൽ കൊണ്ട് ചെന്ന് മുടിവെട്ടി, പല്ലുതേപ്പിച്ച്, കുളിപ്പിച്ച് പാഠശാലയിലെത്തിച്ച ശേഷം അക്ഷരങ്ങൾ പഠിപ്പിച്ചു തുടങ്ങി. മണ്ണിലായിരുന്നു എഴുത്ത്.’
അദ്ദേഹം പറഞ്ഞു തുടർന്നപ്പോൾ പ്രകാശം മങ്ങിത്തുടങ്ങിയ ആ കണ്ണുകൾ വിടർന്നിരുന്നു. അവയിൽ അഭൗമമായ ഒരു തിളക്കവും. അനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ പലപ്പോഴും ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം ചിരിച്ചു. അറിയാതെ ആദ്ദേഹം വിവരിച്ച ആ ഇടത്ത് ഞാനും എത്തിച്ചേർന്നു. പതീറ്റാണ്ടുകൾ മുൻപത്തെ കാസറഗോഡ്! ആ ഉൾഗ്രാമങ്ങൾ പലതും അതേ രീതിയിൽ നിലനിൽക്കുന്നുണ്ട്, സാഹചര്യങ്ങൾ ഒരൽപം മാറിയിട്ടുണ്ടെങ്കിലും.
ആ പ്രദേശങ്ങളിലൂടെയൊക്കെ കടന്നു പോകുമ്പോൾ അവിടെ എവിടെയെങ്കിലും അരുവികളോട് ചേർന്ന് ഒരു ചെറിയ ഇടം, ഒരു കുഞ്ഞു വീട്, താലോലിക്കാൻ കുറെ ചെടികളും മരങ്ങളും – ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും കൊതിച്ചിട്ടുമുണ്ട്. അത്യാവശ്യത്തിന് ആശുപത്രിയിലോ മറ്റോ എത്തിച്ചേരുക പ്രയാസമാണെന്ന് പറഞ്ഞ് പലരും പിന്തിരിപ്പിച്ചിട്ടുണ്ടെങ്കിലും, ആ പരിസരങ്ങളിൽ ജീവിക്കുന്നവർക്ക് അങ്ങനെ ഒരു ആവശ്യം വരാറില്ലെന്ന് തോന്നുന്നു. പ്രകൃതിയോട് അത്രയേറെ ഇണങ്ങി നിൽക്കുന്നവരുടെ ജീവിതത്തിൽ രോഗങ്ങൾക്ക് എന്ത് സ്ഥാനം? അഥവാ അങ്ങനെ വരികയാണെങ്കിൽ തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള മരുന്നുകൾ അവർക്ക് തന്നെയറിയാം, പലതും പുതു തലമുറയ്ക്ക് കൈമോശം വന്നിട്ടുണ്ടെങ്കിലും.
അദ്ദേഹം പറഞ്ഞ കഥയിലെ ആ ജന്മിയെക്കുറിച്ച് അറിയാനായിരുന്നു അടുത്ത ശ്രമം. സമൂഹനന്മയ്ക്കായി ഒട്ടേറെ സംഭാവനകൾ നൽകി ആരാലും അറിയപ്പെടാതെ ഒടുവിൽ കടന്നു പോയ ഒട്ടേറെ പേരുണ്ട് നമുക്ക് ചുറ്റിലും. ഫലിതമായി പറയുമെങ്കിലും സ്‌കൂളിൽ പോകാൻ മടി പിടിച്ച് റോഡിലൂടെ കടന്നു പോയ ജാഥയിൽ കയറിക്കൂടിയ പലരും പിൽക്കാലത്ത് മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളും സാമൂഹിക പരിഷ്കർത്താക്കളും മറ്റുമായ കഥകളിൽ മിക്കതിലും കാമ്പുണ്ടെന്നാണ് പിൽക്കാലത്തെ അനുഭവങ്ങൾ തെളിയിച്ചിട്ടുള്ളത്. അവർക്കിടയിൽ മൗനമായി പ്രവർത്തിച്ച പലരുമുണ്ട്, അത്തരമൊരു ഒരു വിദ്യാഭ്യാസ പരിഷ്കർത്താവിന്റെ രൂപമാണ് അദ്ദേഹത്തിൻറെ വാക്കുകളിൽ തെളിഞ്ഞത്.
‘വിദ്യാ സമ്പന്നനായിരുന്നു അദ്ദേഹം … ഏതാനും മലകൾ തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്റേതായി. പക്ഷെ ദൂരെ നിന്ന് അദ്ദേഹം നടന്നു വരുന്നത് കാണുമ്പോൾ തന്നെ ആളുകൾ ഓടിയൊളിക്കും. കുട്ടികൾ പേടിച്ചിരുന്നത് അദ്ദേഹം തങ്ങളെ സ്‌കൂളിൽ കൊണ്ട് പോകാൻ വരുന്നതാണോ എന്നോർത്തായിരുന്നു. മറ്റുള്ളവരാകട്ടെ വല്ലതും പറഞ്ഞു ശാസിക്കുമോ എന്ന് കരുതിയും. മൂക്കത്താണ് ദേഷ്യം. അത് കൊണ്ട് തന്നെ അധികമാരും പരിസരത്ത് പോലും പോകാറില്ല. പക്ഷെ ആ ഉള്ളിൽ നിറയെ സ്നേഹമായിരുന്നു. ഞങ്ങളെയൊക്കെ അദ്ദേഹത്തിൻറെ സ്വന്തം കുട്ടികളെപ്പോലെ അദ്ദേഹം കണ്ടു.’ – നിർവികാരത തളം കെട്ടി നിന്നിരുന്ന ആ മുഖത്ത് ഒരിത്തിരി വിഷാദം ഞാൻ കണ്ടു, ഒപ്പം ആ കണ്ണുകളിൽ നനവും. പ്രമാണിയായ അത്തരത്തിലുള്ള പലരെയും എന്റെ ബാല്യത്തിലും കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ആ വാക്കുകൾ എനിക്ക് അനുഭവവേദ്യമാണ്.
‘അദ്ദേഹം മരിച്ചിട്ട് കുറെ വർഷങ്ങളായോ?’ അദ്ദേഹത്തിൻറെ വാക്കുകൾക്ക് താൽക്കാലിക വിരാമം നൽകി ഞാൻ ചോദിച്ചു.
‘ഞങ്ങളെയൊക്കെ പഠിപ്പിച്ച ശേഷവും അദ്ദേഹം അധ്യാപനം തുടർന്നു. ഒടുവിൽ സരസ്വതീ വിദ്യാലയം എന്ന പേരിൽ ഒരു സ്‌കൂളും അദ്ദേഹം സ്ഥാപിച്ചു. ഈ പരിസരങ്ങളിലെ കുട്ടികളൊക്കെ പ്രാഥമിക വിദ്യാഭ്യാസം നേടിയത് അവിടെ നിന്നാണ്. ആ സ്‌കൂൾ ഇന്നുമുണ്ട്. പിന്നീടെപ്പോഴോ കേട്ടു, അദ്ദേഹം പോയെന്ന്’
ഒരു നിമിഷം ഞാൻ അമ്പരന്നു! സരസ്വതി വിദ്യാലയം, അപ്പോൾ അദ്ദേഹം പറഞ്ഞു വരുന്നത് എന്റെ മുത്തശ്ശന്റെ കഥയാണ്. ജീവിതത്തിൽ എനിക്ക് കണ്ടോർമ്മയില്ലാത്ത, ഞാൻ കുഞ്ഞും നാൾ മുതൽ ഞാൻ ആരാധിക്കുന്ന എന്റെ മുത്തശ്ശൻ! ഇളയമ്മയുടെ വിവാഹത്തിന് കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയ അദ്ദേഹത്തിനൊപ്പം ഞാൻ നിൽക്കുന്ന ഒരു ഫോട്ടോ ഒരു നിധിയെന്നോണം ഞാൻ സൂക്ഷിക്കുന്നുണ്ട്. അമ്മയുടെ പേരിലാണ് അദ്ദേഹം സ്‌കൂൾ സ്ഥാപിച്ചതെന്നും കേട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിൻറെ ലാളനകളനുഭവിക്കാൻ എനിക്കന്നെല്ല, സ്വന്തം കുട്ടികൾക്ക് പോലും സാധിച്ചിട്ടില്ല എന്നതായിരുന്നു സത്യം. അതിന് പിറകിലും ഒരു കഥയുണ്ട്. ഞാൻ ഇവിടെ കുറിച്ചില്ലെങ്കിൽ ഒരുപക്ഷെ ഇനി വരും കാലത്ത് ആരും പറയാനിടയില്ലാത്ത, പഴയ തലമുറയിലുള്ള ചിലർ പറഞ്ഞറിഞ്ഞ ഒരു കഥ.
അടുത്ത കാലത്ത് ഒരു കുടുംബ സംഗമത്തിൽ സംസാരിച്ച ഒരാൾ പറഞ്ഞ വാചകത്തിൽ നിന്ന് തന്നെ ആരംഭിക്കാം – ‘നമ്മുടെ തറവാട്ടിലെ സ്തീകളാരും ഭർത്താവിന്റെ വീട്ടിൽ പോയി അവർക്കൊപ്പം ജീവിച്ച ചരിത്രമില്ല!’ അന്ന് കേട്ടിരുന്ന ആളുകളിൽ ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു. ഒരുപക്ഷെ ചിരിക്കണോ കരയണോ എന്ന് തോന്നിപ്പോകുന്ന സാഹചര്യം! ശകാരങ്ങളോ പരിഹാസമോ അതുമല്ലെങ്കിൽ മർദ്ദനമോ അനുഭവിച്ച് വിവാഹബന്ധം അവസാനിപ്പിച്ച് മടങ്ങുന്ന ഒരു സ്ത്രീ, പ്രശ്നപരിഹാരം കാണാതെ ‘പൊന്നു പെങ്ങളെ’ ശേഷ കാലം തങ്ങളിലേക്ക് ചേർക്കുന്ന ദുരഭിമാനം – ഇതിലേതാണെന്ന സംശയം ഞാനുൾപ്പെടെയുള്ള കേൾവിക്കാരിൽ ഉണ്ടായിരുന്നു.
അഭിമാനത്തോടെയാണ് കുടുംബ സംഗമത്തിൽ വച്ച് സംസാരിച്ച വ്യക്തി ഇത് പറഞ്ഞതെങ്കിലും അതിനെ ദുരഭിമാനം എന്ന് വിളിക്കുവാനെ തരമുള്ളൂ. ചെറുപ്പത്തിൽ പറഞ്ഞു കേട്ട, ഇന്ന് ജീവനോടെയില്ലാത്ത പലരും ഉദാഹരണങ്ങളായി മുന്നിലുണ്ട്. വിവാഹശേഷം ഭർതൃ വീട്ടിൽ പോകുന്നു, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാതെ സ്വന്തം വീട്ടിലെത്തി പ്രയാസങ്ങൾ പറയുമ്പോൾ ‘ഞങ്ങളുടെ കുട്ടി അങ്ങനെ അനുഭവിക്കേണ്ടവളല്ല’ എന്ന് പറഞ്ഞ് വിവാഹബന്ധം വേർപെടുത്തി ശേഷകാലം കുടുംബ വീട്ടിന്റെ അടുക്കളയിൽ തളച്ചിടപ്പെടുന്ന ഒരു വിചിത്രമായ സാഹചര്യം. ശേഷ ജീവിതം ആരുടെയൊക്കെയോ ഔദാര്യം. ഭാര്യയ്ക്ക് നഷ്ടപ്പെടുന്നത് ഭർതൃ സാമീപ്യം, ആ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നത് പിതൃ വാത്സല്യം, പിതാവിനാകട്ടെ ജന്മം കൊടുത്ത കുട്ടികളെ ലാളിക്കാനുള്ള അവകാശവും! എത്ര ഹീനമായ കുറ്റമാണ് അവർ ചെയ്തുകൂട്ടിയതെന്ന് ഒരച്ഛനെന്ന നിലയിൽ ഇന്നെനിക്ക് മനസിലാക്കാം.
ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചെടുത്തോളം, ഒരുപക്ഷെ ലോകത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും, വിവാഹജീവിതം പരസ്പരം പൊരുത്തപെട്ട് ജീവിക്കാനുള്ള ഒരു കഠിനപ്രയത്നമാണ്. ദാമ്പത്യമെന്നത് പരസ്പരം ഇണങ്ങിയും പിണങ്ങിയും തങ്ങളിൽ നിക്ഷിപ്തമായ ചില കർത്തവ്യങ്ങൾ നിർവഹിക്കുകയെന്നതാണെന്ന തിരിച്ചറിവുള്ളവർ ഒപ്പം തുടരും, അല്ലാത്തവർ വേർപിരിഞ്ഞു മേച്ചിൽപുറങ്ങൾ തേടി അന്ത്യമില്ലാതെയലഞ്ഞ് ജീവിതമവസാനിപ്പിക്കും. കുടുംബങ്ങൾ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങളുടെ പ്രധാന മേന്മ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഉടലെടുക്കുമ്പോൾ കുടുംബാംഗങ്ങൾ തന്നെ മുൻകൈയെടുത്ത് അത് രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്നതാണ്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യുമ്പോൾ, ഒരുപക്ഷെ ഇതുണ്ടായില്ലെന്നും വരാം, ഒടുവിൽ മിക്ക വിവാഹങ്ങളും പാതിവഴിയിൽ അവസാനിക്കുകയും.
ഒരുപക്ഷെ നമ്മുടെ കുട്ടികളെ ഏറ്റവും പ്രധാനമായി പഠിപ്പിക്കേണ്ടത് പ്രതികൂല ഘട്ടങ്ങളിലും മറ്റുള്ളവരുമായി ഒരുമിച്ചു ജീവിക്കാനുള്ള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുകയെന്നതാണ്. ‘പെർഫെക്ട് പാർട്ടണർ’ എന്നത് വെറും സങ്കല്പം മാത്രമാണ്! അഥവാ വിവാഹശേഷം പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ തന്നെ അത് രമ്യമായി പരിഹരിക്കാനാകണം, പകരം അമിത വാത്സല്യത്തിൽ വിവാഹബന്ധം പൊട്ടിച്ചെറിഞ്ഞു കുട്ടികളെ തങ്ങളിലേക്ക് വീണ്ടും ചേർക്കുമ്പോൾ അവരുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാക്കാനേ അതുപകരിക്കുകയുള്ളൂ. ഇവിടെ രണ്ടു തരത്തിലുള്ള മഹാപരാധമാണ് മാതാപിതാക്കൾ ചെയ്യുന്നത് – ഒന്ന് അണുകുടുംബങ്ങളുടെ പശ്ചാത്തലത്തിൽ സഹവർത്തിത്വത്തിന്റെ മൂല്യം കുട്ടികൾക്ക് പകർന്നു നൽകാത്തത്, രണ്ട്, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാതെ കുട്ടികളെ വിവാഹമോചനത്തിന് പ്രോത്സാഹിപ്പിക്കുകയെന്നത്. വിവാഹമോചനമെന്നത് ഏറ്റവും ഒടുവിലത്തെ ഓപ്‌ഷനായി വേണം കരുതാൻ.
അതിലും വിചിത്രമായ ഒരു കാരണം എന്റെ മുത്തശ്ശന്റെ കാര്യത്തിലുണ്ടായിരുന്നു. അദ്ദേഹം സ്ഥാപിച്ച സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന മുത്തശ്ശിയുടെ അനുജന് ഏതാനും മാസങ്ങളായി ശമ്പളം നൽകിയില്ലത്രെ! അങ്ങനെയെങ്കിൽ ഞങ്ങളുടെ കുട്ടി അവിടെ താമസിക്കേണ്ട എന്ന ആരുടെയൊക്കെയോ ദുർവാശി. എന്തായാലും, താമസിയാതെ മുത്തശ്ശിയുടെ വിവാഹബന്ധം അവസാനിച്ചു. കാഞ്ഞങ്ങാട്ടെ കുന്നിൻ മുകളിലെ ഏതാനും ചുവരുകൾക്കുള്ളിൽ ആ ജീവിതം തളക്കപ്പെട്ടു. ഒപ്പം അദ്ദേഹം നൽകിയ നാല് മക്കളുമുണ്ടായിരുന്നു. പക്ഷെ പിതൃ സ്നേഹത്തിന് പകരം വയ്ക്കാൻ എന്തുണ്ട്?
പക്ഷെ മുത്തശ്ശിയുടെ രണ്ട് അനുജന്മാർക്കും ചേച്ചി തന്നെയായിരുന്നു പ്രഥമ പരിഗണന. എന്റെ അമ്മയുൾപ്പെടെയുള്ള കുട്ടികളെ അവർ ഒരുപക്ഷെ സ്വന്തം കുട്ടികളേക്കാളേറെ സ്നേഹിച്ചു വളർത്തി, പെൺകുട്ടികളെ വിവാഹം ചെയ്തയച്ചു, ആൺമക്കൾക്ക് സ്വന്തം കാലിൽ ജീവിക്കാനുള്ള വിദ്യാഭ്യാസം നൽകി. സാധാരണയായി വൻ പ്രശ്നങ്ങൾ ഉടലെടുക്കുന്ന, കുടുംബാംഗങ്ങളെ ശത്രുക്കളായി വേർതിരിക്കുന്ന സ്വത്ത് ഭാഗം വയ്ക്കുന്ന ചടങ്ങും വന്നെത്തിയപ്പോൾ മുത്തശ്ശിയുടെ അനുജന്മാർ പറഞ്ഞ വാക്യം മറക്കാൻ സാധിക്കില്ല – ഞങ്ങൾക്കുള്ളതൊക്കെ ചേച്ചിക്കാണ്, അതിലൊന്നും നമുക്ക് വേണ്ട.
വൈകുന്നേരങ്ങളിൽ ഗേറ്റിന് നേരെ വേവലാതിയോടെ നോക്കിയിരിക്കുന്ന മുത്തശ്ശിയുടെ രൂപം ഇപ്പോഴും കണ്ണിലുണ്ട്. കാരണം ചോദിച്ചാൽ പറയും ‘അവൻ ഇതുവരെ വന്നില്ലല്ലോ എന്ന്. കാത്തിരിക്കുന്നത് അനുജനെയാണ്. പ്രായാധിക്യം കൊണ്ട് നടക്കാൻ പ്രയാസമുള്ള ആ അനുജനും വൈകിട്ടാവുമ്പോൾ വെളുത്ത ഖദർ ഷർട്ടും മുണ്ടും ധരിച്ച് ധൃതിയിൽ നടക്കും, ചേച്ചിയെ കാണണമെന്ന് പറഞ്ഞു. പിന്നാലെ നിഴൽ പോലെ അദ്ദേഹത്തിൻറെ പത്നിയും. വിശിഷ്ടമായ ഈ സ്നേഹബന്ധങ്ങൾ ഭൂമിയിൽ എവിടെ കാണാൻ സാധിക്കുമെന്ന് അറിയില്ല. പക്ഷെ ഈ ഉദാഹരണങ്ങൾക്കൊക്കെ ഇടയിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വേർപിരിയൽ ഇന്നും വേട്ടയാടുന്നു. മനുഷ്യായുസ്സിൽ എല്ലാ ബന്ധങ്ങളും പ്രധാനമാണ്.
മുത്തശ്ശിയെ കാണാൻ നിരവധി തവണ അദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് കുടുംബത്തിലെ മുതിർന്ന ഒരംഗവും ഈ പ്രശ്നങ്ങൾക്കൊക്കെ ദൃക്‌സാക്ഷിയുമായ ഒരു ബന്ധു പറഞ്ഞറിയാം. അന്വേഷിച്ച് വന്ന് വീടിന്റെ മുന്നിൽ വന്ന് ശകാരവാക്കുകൾ കേട്ട് തിരിച്ചു നടക്കുമ്പോൾ മുത്തശ്ശി കരിപിടിച്ച അടുക്കളയുടെ ഭിത്തിയോട് ചേർന്ന് നിന്ന് വിങ്ങിപ്പൊട്ടുകയായിരിക്കും! ഇരുപതോളം കിലോമീറ്റർ നടന്നാണ് അദ്ദേഹം മുത്തശ്ശിയെ തിരികെ വിളിക്കാൻ അവിടെയെത്തുന്നത്. മുത്തശ്ശിയെ മാത്രമല്ല, പറക്കമുറ്റാത്ത തന്റെ കുട്ടികളെയും കണ്ട് അവരെ തിരിച്ചു കൊണ്ട് വരാനുള്ള ആ യാത്രയിൽ ഒടുവിൽ തിരിച്ചു നടക്കുമ്പോൾ അദ്ദേഹം അനുഭവിച്ച വേദന, അദ്ദേഹമെന്നത് പോലെ ഇന്ന് ഞാനുമറിയും! കാരണം എനിക്കും ഈശ്വരൻ നൽകിയ മൂന്ന് കുഞ്ഞു മക്കളുണ്ട്, അവരോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് പ്രപഞ്ചത്തിൽ മറ്റൊന്നിനോടുമില്ലെന്ന സത്യം എനിക്കറിയാം. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ഭാര്യ ഭാര്യയാണ്, എത്രയൊക്കെ പോരായ്മകളുണ്ടെങ്കിലും ഭർത്താവ് ഭർത്താവാണ്. വിവാഹസമയം പരസ്പരം കരം ഗ്രഹിക്കുമ്പോൾ അവിടെ രണ്ടു വ്യക്തികൾ ഇല്ലാതാവണം, പകരം എനിക്ക് നീയും നിനക്ക് ഞാനും തുണയായി എന്നുമുണ്ടാകും എന്ന ചിന്ത പിറക്കണം. അതാണ് യഥാർത്ഥത്തിൽ വിവാഹം!
ഏറെ കാലങ്ങൾ കഴിഞ്ഞു. ഇരുകുടുംബങ്ങളും തമ്മിലുണ്ടായിരുന്ന ശത്രുത അങ്ങനെ തന്നെ നിലനിന്നു. വിവാഹത്തിലെ പരാജയമോ, സ്വന്തം മക്കളെ പോലും കാണാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോ ആകാം – മുത്തശ്ശന്റെ മാനസിക നിലയിൽ വലിയ മാറ്റങ്ങളുണ്ടായത്രെ. ശേഷകാലം ഒരു മുറിക്കുള്ളിലായി അദ്ദേഹത്തിൻറെ ജീവിതം. പരിചയമുള്ളവർ പോലും വന്നാൽ കൈയിൽ കിട്ടുന്നത് വച്ച് അവരെ എറിയുക തുടങ്ങി അദ്ദേഹം പലപ്പോഴും അക്രമാസക്തനായി. മക്കളുടെ വിവാഹത്തിന് നേരിട്ട് വന്ന് ക്ഷണിക്കണമെന്ന് മുത്തശ്ശൻ ആഗ്രഹം പറഞ്ഞിരുന്നത്രെ, പക്ഷെ പകരം ഒരു കത്താണ് അദ്ദേഹത്തിന് ലഭിച്ചത്. ആ കത്ത് വായിച്ച് അദ്ദേഹം പിറകിലേക്ക് മറിഞ്ഞു വീണ അനുഭവം ആ കുടുംബത്തിലെ ഒരാൾ പറഞ്ഞറിയാം. ആ കത്ത് ആരാണെന്നെഴുതിയതെന്ന് എനിക്കറിയില്ല, അതിലെ ഉള്ളടക്കവും എനിക്കറിയില്ല. ഒരുപക്ഷെ അതെഴുതിയ ആൾ ചെയ്ത മഹാപരാധം ഏതാനും തലമുറകൾ വരെ അവരെ വേട്ടയാടുമെന്നത് തീർച്ച. കാരണം അത് അദ്ദേഹത്തിൻറെ മരണക്കുറിപ്പായിരുന്നു!
നിശ്ചലമായ ശരീരത്തിൽ ജീവൻ മാത്രമാവശേഷിച്ച് അങ്ങനെ അദ്ദേഹം മരണത്തെ കാത്തിരുന്നു. അടച്ചിട്ട ആ മുറിയുടെ വാതിലുകൾ ചിലപ്പോഴൊക്കെ തുറക്കുമ്പോൾ അദ്ദേഹം ആശിച്ചിരിക്കില്ലേ അത് തന്റെ സഹധർമ്മിണിയായിരുന്നെങ്കിൽ എന്ന്, ഒപ്പം സ്നേഹിച്ചു കൊതി തീരാത്ത തന്റെ മക്കളുമുണ്ടെന്ന്? പക്ഷെ ആ വേദന ഉള്ളിലൊതുക്കി, ആ ശൂന്യത ബാക്കിയാക്കി മുത്തശ്ശൻ യാത്രയായി! ഒരനാഥനായി! മുത്തശ്ശൻ അമ്മയ്ക്ക് നൽകിയ പേര് എന്റെ കുട്ടികൾക്കും ഞാൻ നൽകിയിട്ടുണ്ട്, അദ്ദേഹത്തിൻറെ ഓർമ അവരിലൂടെ നിലനിൽക്കട്ടെ എന്ന ഭാവനയിൽ.
താൻ ജീവിച്ചിരുന്ന മണ്ണ് അദ്ദേഹം തന്റെ മക്കൾക്കായി നൽകാൻ തയാറായിരുന്നെങ്കിലും അത് ആരൊക്കെയോ നിഷേധിച്ചുവെന്ന് ആരോ പറഞ്ഞറിയാം. ആര് പറഞ്ഞു എങ്ങനെ പറഞ്ഞു എന്ത് പറഞ്ഞു എന്നൊന്നും അറിയില്ല. അദ്ദേഹത്തിന്റെ അവകാശികൾ അവരുടെ കുട്ടികൾ മാത്രമല്ല വരും തലമുറകൾ കൂടിയാണെന്ന് മാത്രം അവർ ചിന്തിച്ചു കാണില്ല. അവരുടെ അവകാശം നിഷേധിക്കുക ശരിയായ കീഴ്‌വഴക്കമാണെന്നും കരുതുന്നില്ല? അദ്ദേഹം ജീവിച്ചിരുന്ന ഇടം മറ്റുള്ളവരെ സംബന്ധിച്ചെടുത്തോളം വെറും ‘വസ്തു’വായിരിക്കാം, പക്ഷെ ഒരു തരിയെങ്കിൽ അത്, നിധിയായി ഞാൻ കരുതിയേനെ!
പക്ഷെ ഒന്നെനിക്കറിയാം, മറ്റാർക്കും നൽകാൻ സാധിക്കാത്ത ഒന്നെനിക്ക് അദ്ദേഹം നൽകിയിരിക്കുന്നു – ഈ ജീവൻ അദ്ദേഹത്തിന്റെത് കൂടിയാണ്. ഈ ശരീരത്തിൽ ഒഴുകുന്നത് അങ്ങയുടെ രക്തമാണ്. വിദ്യ നേടാനും അത് പകർന്നു നൽകാനുമുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തിൽ നിന്നാണ് ഈയുള്ളവൻ നേടിയത്. എല്ലാത്തിലുമുപരി അക്ഷരങ്ങളോടുള്ള ഈ പ്രണയവും! ഇതിനപ്പുറം എന്ത് സമ്പത്താണ് എനിക്കാവശ്യം?
പക്ഷെ ആശ്ചര്യമെന്ന് പറയട്ടെ, അദ്ദേഹം ചെയ്തു വന്ന പല കാര്യങ്ങളും ഈ ജീവിതത്തിലും ആവർത്തിച്ചിട്ടുള്ളതായാണ് അനുഭവം. ജില്ലയിലെ ഒരു കോളേജിൽ അധ്യാപനം ചെയ്യാനുള്ള അവസരമുണ്ടായപ്പോൾ പിന്നോക്ക വിഭാഗത്തിലെ ഏതാനും വിദ്യാർഥികളെ അനുനയിപ്പിച്ച് ഒരു ബാർബർ ഷോപ്പിൽ പോയി അവരെ ‘സിവിലൈസ്ഡ്’ ആക്കാനുള്ള ശ്രമം നടത്തിയതും, കിട്ടാവുന്നിടത്തു നിന്നൊക്കെ സാധന സാമഗ്രഹികൾ ശേഖരിച്ച് ഗുരുകുലമുണ്ടാക്കിയതും ഒക്കെ ഏതാനും ഉദാഹരണങ്ങൾ മാത്രം. അതൊക്കെയും മുത്തശ്ശനെകുറിച്ച് കൂടുതലറിയുന്നതിന് മുൻപായിരുന്നു എന്നതാണ് സത്യം. ഒപ്പം മൂക്കത്തുള്ള ശുണ്ഠി തുടങ്ങി ചില സ്വഭാവ സവിശേഷതകളും! രക്തത്തിലുള്ളത് കഴുകിക്കളയാൻ സാധിക്കില്ലല്ലോ!
ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോൾ ആദ്യത്തെ ഉരുള കൈയിലെടുക്കവേ ആദ്യം മനസ്സിൽ വരാറുള്ളത് കുട്ടികളെയാണ്. പലപ്പോഴും ‘കുഞ്ഞിപ്പെണ്ണേ’ എന്ന് നീട്ടിവിളിക്കുമ്പോൾ ഗൗരി ഓടിയെത്തും, അവൾ ഒരുപക്ഷെ ഭക്ഷണം കഴിച്ചിരിക്കാം, പക്ഷെ ആദ്യത്തെ ഒരുരുള അന്നം ആ കുഞ്ഞുവായിൽ കൊടുക്കുമ്പോൾ തന്നെ വയറു നിറഞ്ഞ അനുഭവമാണ്. ആ വിളി കേൾക്കുമ്പോൾ അമ്മ പറയാറുണ്ട് ഭക്ഷണത്തിന് മുന്നിലിരുന്നാൽ മുത്തശ്ശനും അങ്ങനെ നീട്ടിവിളിക്കാറുണ്ടത്രെ – കുഞ്ഞിപ്പെണ്ണേയെന്ന്! പക്ഷെ ആ സാധുമനുഷ്യന് സ്വന്തം കുട്ടികളുടെ സാമീപ്യം നിഷേധിക്കപ്പെടുകയായിരുന്നു, ആ ഒരറ്റ കാരണം മതി മുത്തശ്ശിയുടെ കുടുംബത്തെ അപ്പാടെ വെറുക്കാൻ – പക്ഷെ അത്തരത്തിലുള്ള ദുരനുഭവങ്ങൾ മറക്കുകയും പൊറുക്കുകയും ചെയ്യുന്നതാവാം സ്നേഹബന്ധങ്ങളുടെ അടിത്തറ.
മുത്തശ്ശാ, അന്ന് വിവേകമുള്ള ഒരുവനായിന്നെങ്കിൽ, അങ്ങയുടെ കരം ഗ്രഹിച്ച്, മുടിയിഴകളിൽ തൊട്ടു തലോടി ചാരെ ഞാൻ ഇരിക്കുമായിരുന്നു. സായാഹ്നങ്ങളിൽ ആ മലഞ്ചെരിവിലെ വീടിന്റെ മുറ്റത്ത് അങ്ങയുടെ കൈ പിടിച്ച് നടന്നേനെ. ഒരു ജീവിതകാലത്തെ ആകെ അനുഭവങ്ങൾ ചെവി കൂർപ്പിച്ചിരുന്നു കേട്ടേനെ! മക്കൾക്കാർക്കും തരാൻ സാധിക്കാതിരുന്ന സ്നേഹമത്രയും ഈയുള്ളവൻ തന്നേനെ. പക്ഷെ കാലത്തിന്റെ കറുത്ത യവനികൾക്കുള്ളിൽ നിന്നും അങ്ങയുടെ ഗദ്ഗദം – അതിന്നും എനിക്ക് കേൾക്കാം!
• • • •
“മോനെ, എന്നാൽ ഞാൻ നടക്കട്ടെ.”
ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ ഓർമകളിൽ നിന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ വൃദ്ധനായ ആ മനുഷ്യൻ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്തോ പന്തികേട് തോന്നിയത് കൊണ്ടാവാം, അദ്ദേഹം ചോദിച്ചു എന്താ പറ്റിയതെന്ന്. ‘അങ്ങ് പറഞ്ഞയാൾ എന്റെ മുത്തശ്ശനാണ്’ ഞാൻ ഒറ്റവാചകത്തിൽ പറഞ്ഞുനിർത്തി.
അദ്ദേഹത്തിൻറെ ഭാവം വിവരണാതീതമായിരുന്നു. വേച്ച് വേച്ച് അരികിൽ വന്ന് അദ്ദേഹം എന്റെ കൈകൾ മുറുകെ പിടിച്ചപ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. ‘ഈശ്വരാ, അദ്ദേഹത്തിൻറെ കൊച്ചുമകനെ കാണാനുള്ള ഭാഗ്യവും ഈ ജീവിതത്തിലുണ്ടായല്ലോ എന്ന വാക്കുകളോടെ അദ്ദേഹം നടന്നു നീങ്ങിയപ്പോൾ ഉച്ചവെയിൽ അതിന്റെ പാരമ്യത്തിലായിരുന്നു. ഒരു കൈയിൽ ഭാണ്ഡവും മറുകൈയിൽ പച്ചിലച്ചാർത്തുമായി അദ്ദേഹം വെയിലിൽ അപ്രത്യക്ഷനായി!
നഗരത്തിന്റെ ആരവങ്ങൾക്കിടയിലും കാസരഗോടിന്റെ ഉൾഗ്രാമത്തിൽ, പ്രശാന്ത സുന്ദരമായ ആ ഗ്രാമത്തിൽ ആ തറവാട്ട് വീട്ടിലെ കൊച്ചു മുറിയിൽ എനിക്കെന്നെ കാണാം, ആ മുറിയിലെ കട്ടിലിൽ മുത്തശ്ശൻ കിടക്കുകയാണ്, അരികിൽ അദ്ദേഹത്തിൻറെ കരം ഗ്രഹിച്ച് ഞാനിരിക്കുന്നു, ഒപ്പം വെളുത്ത ആ മുടിയിഴകളിൽ വിരലോടിക്കുകയും. ആർക്കും നൽകാൻ സാധിക്കാതിരുന്ന സ്നേഹസ്പർശത്തിൽ സാവധാനം കണ്ണുകളടയ്ക്കുമ്പോൾ, അദ്ദേഹത്തിൻറെ നെറ്റിത്തടത്തിൽ ഞാൻ ചുംബിക്കുന്നു! കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇനി എന്നാണ് മുത്തശ്ശാ അങ്ങയെ കാണുക? അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ അങ്ങയോട് ചെയ്ത മഹാപരാധത്തിന് ഞാൻ അങ്ങയുടെ പാദങ്ങൾ സ്പർശിച്ച് മാപ്പ് അപേക്ഷിക്കുന്നു!