അപരിചിതർ

ഓഫീസ് ജോലികൾ കഴിഞ്ഞു കഷ്ടിച്ച് ഒരുകിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പുറപ്പെടുമ്പോൾ അവിടെ കാത്തിരിക്കുന്ന അഞ്ചുപേരാണ് മനസ് നിറയെ. ഗേറ്റിനടുത്തെത്തുമ്പോൾ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ എവിടെ നിന്നോ ഓടിയെത്തുന്ന രണ്ടു നായ്ക്കൾ, അവരെ തൊട്ടു തലോടി അകത്തേക്ക് നടക്കുമ്പോൾ പരിഭവങ്ങളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുമായി വാതിൽക്കൽ മൂന്ന് പെൺകുട്ടികൾ! ഒരു പക്ഷെ ഒരു ദിവസത്തിന്റെ ഏറ്റവും വലിയ സന്തോഷം!

പതിവുള്ള രാത്രി നടത്തത്തിനായി പുറപ്പെടുമ്പോൾ പുറപ്പെടുന്നതിന് മുൻപേ തന്നെ തയ്യാറായി നിൽക്കുന്നുണ്ടാവും ബ്ലാക്കിയും ബ്രൗണിയും. നിറം വച്ച് പേരിട്ടതാണ്. നാട്ടിൽ വച്ച് എവിടെയോ യാത്ര പോയി വരുമ്പോൾ റോഡരികിൽ അനാഥനായി കണ്ട ഒരു നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അവന് പേരിട്ടത് ദേവദത്തൻ എന്നാണ്. എന്താ അവന്റെ പേരെന്ന് അയൽ വാസിയും ബന്ധുവുമായ ഒരാൾ ചോദിച്ചപ്പോൾ ‘ദേവദത്തൻ നമ്പ്യാർ’ എന്ന മറുപടി കേട്ടപ്പോൾ ഇനി ഇവിടെ നിന്നാൽ മനോഹരമായ തന്റെ പേര് ചിലപ്പോൾ വല്ല പട്ടിക്കുമിടും എന്ന വാക്കുകളോടെ അദ്ദേഹം ഓടി രക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്തായാലും ആർക്കും ചേതമില്ലാത്ത പേരാണ് ഞങ്ങളുടെ ലേനിൽ കാവൽക്കാരായി നിൽക്കുന്ന അവർക്കിട്ടത്.

അവർക്ക് പല പെരുമുണ്ടാകാം. വിജയനഗര സെക്കൻഡ് സ്റ്റേജിലെ നിരവധി ലേനുകളിൽ ഒന്നോ രണ്ടോ നായ്ക്കൾ കാണാം കാവൽക്കാരായി. പല സമയങ്ങളിലായി അവിടെ വന്നു പെടുന്ന അനാഥരായ നായ്ക്കളെ ആ റോഡരികത്തുള്ളവർ സംരക്ഷിച്ചു പോരുന്നു. മിക്ക വീടുകളുടെയും മുന്നിൽ പാത്രങ്ങൾ കണ്ട് ആദ്യമൊക്കെ സംശയിച്ചിട്ടുണ്ട്, എന്തിനാണെന്ന്. പക്ഷെ പ്രഭാതങ്ങളിലും മറ്റും വീട്ടമ്മമാർ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിനൊപ്പം അവയിലും ഭക്ഷണം വിളമ്പുന്നത് കാണാം. അലഞ്ഞു തിരിഞ്ഞു വരുന്ന പശുക്കൾക്കും, നായ്ക്കൾക്കും, പക്ഷികൾക്കും ഒക്കെയാണത്. നാട്ടിൽ നിന്ന് വിപരീതമായി മിക്കവരും പച്ചക്കറി കഴിക്കുന്നവരാണ്, ആ നായ്ക്കളും അങ്ങനെ തന്നെ. ഒരിക്കൽ പോലും അവർ മറ്റൊരാളെ കടിച്ചതായോ ഒന്നും അറിവില്ല. പക്ഷെ രാത്രികാലങ്ങളിൽ അപരിചതരായവരെ അവർ സ്ട്രീറ്റിൽ അനുവദിക്കുകയുമില്ല.

കുട്ടികൾക്കൊപ്പം പുറത്തിറങ്ങിയപ്പോൾ അന്നും രണ്ടു പേരും ഒപ്പം കൂടി. രണ്ടുമൂന്ന് സ്ട്രീറ്റിലൂടെ നടന്ന് ഒടുവിൽ തിരികെ ഞങ്ങളുടെ സ്ട്രീറ്റിലേക്ക്, അതാണ് പതിവ്. തങ്ങളുടെ സ്ട്രീറ്റിന്റെ അവസാനമായപ്പോഴേക്കും ബ്ളാക്കിയും ബ്രൗണിയും തിരിച്ചു നടന്നു, കാരണം അത് അവരുടെ അതിർത്തിയാണ്. അടുത്ത റോഡിലേക്ക് കടന്നപ്പോൾ പതിവില്ലാത്ത ആളുകളെ കണ്ട് ഏതാനും നായ്ക്കൾ കുരച്ചു കൊണ്ട് സമീപിച്ചു, പക്ഷെ നിരുപദ്രവികളാണെന്നോ, ഒപ്പം കുട്ടികളെ കണ്ടത് കൊണ്ടോ അവർ ഉടനെ നിശ്ശബ്ദരായി. പക്ഷെ അവയിൽ കാണാൻ വിരൂപനായ, ഒരുപക്ഷെ ഒരു കഴുതപ്പുലിയുടെ രൂപം അനുസ്മരിപ്പിക്കുന്ന ഒരുവൻ വന്ന് വിചിത്രമായ സ്നേഹപ്രകടനങ്ങൾ തുടങ്ങി. അവനെ ഞാനതുവരെ കണ്ടിട്ടില്ല. പക്ഷെ കാലുകളോട് ചേർന്ന് നിന്നും മുട്ടിയുരുമ്മി മലക്കം മറിഞ്ഞും വിചിത്രമായ ശബ്ദങ്ങളുണ്ടാക്കിയും ഒരു പാവം. കൈയിലുണ്ടായിരുന്ന കുഞ്ഞു മോളെ അവളുടെ ചേച്ചിയുടെ കൈയിലേക്ക് കൊടുത്ത് അവിടെയിരുന്ന് തൊട്ടപ്പോൾ അവൻ കണ്ണുകൾ കൂമ്പിയടച്ച് അനുസരണയോടെ അങ്ങനെ കിടന്നു. എന്ത് ബന്ധമാണ് നമ്മൾ തമ്മിൽ എന്നറിയില്ല, അവിടെയുണ്ടായിരുന്ന രണ്ടുമൂന്ന് നായ്ക്കളിൽ അവൻ മാത്രം എന്തെ ഇത്രയും അടുപ്പം കാട്ടുന്നതുമറിയില്ല. പക്ഷെ തിരിച്ചു നടക്കുമ്പോഴും അവൻ തന്നെയായിരുന്നു മനസ്സിൽ.

“അപ്പാ, ആ പട്ടിക്കുട്ടിയെന്താ ഇത്രയും അപ്പയോട് സ്നേഹം കാട്ടുന്നേ?” ഗൗരി അവളുടെ ചോദ്യക്കെട്ടു തുറന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് കാൽപ്പനികമായ ഉത്തരങ്ങളാവും കുട്ടികൾക്ക് നന്ന്, ഒരുപക്ഷെ അതിലൂടെ ചില മൂല്യങ്ങളും പകർന്നു നൽകാനാവും എന്ന തോന്നലിൽ ഞാൻ പറഞ്ഞു – ‘ആർക്കറിയാം മോളേ. ഒരുപക്ഷെ അപ്പയോട് അത്രയേറെ അടുപ്പമുള്ള ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ആരെങ്കിലുമാകാം!’. അവൾക്ക് ചുരുക്കത്തിലുള്ള ഉത്തരം പോരായിരുന്നു. ‘അതാരാ അങ്ങനെ?’ അവൾ വീണ്ടും ചോദിച്ചു.

‘ചിലപ്പോൾ അപ്പയുടെ ചേച്ചി?’

‘അപ്പയ്ക്ക് ഒരു ജ്യേഷ്ഠത്തി ഉണ്ടായിരുന്നോ? ചോദ്യം ഇത്തവണ മൂത്ത മകളിൽ നിന്നായിരുന്നു. അവൾക്കറിയുന്നത് ഒരു അനുജത്തിയുണ്ടെന്ന് മാത്രമാണ്, അവരെ അമ്മയോളം സ്നേഹിക്കുന്ന അവരുടെ ഇളയമ്മ.

അപ്പയ്ക്ക് ഒരു ജ്യേഷ്ഠത്തിയുമുണ്ടായിരുന്നു. അമ്മയുടെ രണ്ടു സഹോദരങ്ങൾക്കും, ഒരു സഹോദരിക്കും ആദ്യത്തെ കുട്ടി പെണ്ണാണ്. അമ്മയ്ക്കും അങ്ങനെ തന്നെയായിരുന്നു. പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് നല്ല ഭാരമുണ്ടായിരുന്നത്രെ. പക്ഷെ നാഭീ ബന്ധം വേർപെടുത്തി കുളിപ്പിക്കാൻ കൊണ്ട് പോകാൻ നേരം ആ കുട്ടി കൈയിൽ നിന്ന് വഴുതി നിലത്തു പതിച്ച് ആ നിമിഷം തന്നെ ജീവൻ വെടിഞ്ഞു. സർക്കാർ ആശുപത്രിയാണ്, അതിനപ്പുറമൊന്നുമുള്ള സമീപനം പ്രതീക്ഷിക്കാൻ സാധിക്കാത്ത കാലഘട്ടം. പക്ഷെ കാലങ്ങൾക്കിപ്പുറം മറ്റ് ഏത് ആശുപത്രിയെക്കാളും വിശ്വാസത്തോടെ ഞാനിന്നും സമീപിക്കുന്നത് കേരളത്തിലെ സർക്കാർ ആശുപത്രിയെയാണ്.

ഗൗരിയുടെ പ്രസവത്തിനായി ഒരു സുഹൃത്താണ് സർക്കാർ ആശുപത്രി നിർദ്ദേശിച്ചത്. പഴയ ഓർമ്മകൾ കാരണം പേടിയോടെയാണെങ്കിലും ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ജയശ്രീയെ സമീപിച്ചപ്പോൾ ഒരു ജ്യേഷ്ഠത്തിയെന്ന പോലെ അവർ പരിചരിച്ചു. നൂറ്റമ്പത് രൂപ കൊടുത്ത് എടുത്ത പേ വാർഡിലെ റൂമിൽ നിലത്ത് കിടന്നുറങ്ങാം എന്ന രീതിയിലായിരുന്നു വൃത്തിയും വെടിപ്പും. അനാവശ്യമായ മരുന്നുകളില്ല, ഇൻക്യൂബേറ്ററിന്റെ വില ഈടാക്കാനായി പ്രസവിച്ച ഉടനെ കുഞ്ഞിനെ കൃത്രിമ ചൂടിനായി പ്രവേശിപ്പിക്കില്ല, ദീർഘ നാളത്തെ ആശുപത്രി വാസത്തിനായി നിർദ്ദേശിക്കുകയുമില്ല. എല്ലാ സർക്കാർ സ്ഥാപനങ്ങളിലുമുള്ളത് പോലെ ‘നിങ്ങളെ പരിചരിച്ചില്ലെങ്കിലും ഞങ്ങൾക്ക് ശമ്പളം കിട്ടുമെന്ന ഭാവനയിൽ ചിലരുണ്ട്, അത് മാത്രം! ആ സാഹചര്യങ്ങളും മാറി വരുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും, മൂന്നാമത്തെ മകളുടെ പ്രസവ സമയമായപ്പോൾ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

ചിലരുടെ കഴിവുകേട്, നിരുത്തരവാദപരമായ സമീപനത്തിൽ അമ്മയ്ക്ക് നഷ്ടപ്പെട്ടത് കടിഞ്ഞൂൽ കുഞ്ഞിനെയാണ്, ആ കുട്ടിയാകട്ടെ കുടുംബത്തിലെ ആ തലമുറയിലെ ആദ്യത്തേതുമായിരുന്നു. അവശതകൾ സഹിച്ച് ഒൻപത് മാസം സംരക്ഷിച്ച്, ആ കളിചിരികൾ കാണാൻ കാത്തിരുന്ന അമ്മയെ കാത്തിരുന്നത് ജീവനറ്റ ആ പിഞ്ചു ശരീരമായിരുന്നു. ഒരു പുരുഷനെന്ന നിലയിൽ ആ അമ്മ മനസ്സിൽ അതുണ്ടാക്കിയ ആഘാതം അതേ വേദനയോടെ ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ലെന്ന് വരാം. പക്ഷെ ഒരു നടുക്കത്തോട് കൂടി മാത്രമേ ആ അനുഭവം എനിക്കോർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

പ്രസവത്തിന് ശേഷം കുന്നിൻ മുകളിലെ ആ വീട്ടിലെ ഇരുൾ വീണ മുറിയിൽ മയങ്ങിക്കിടക്കുമ്പോൾ ജനാലയ്ക്ക് പുറത്ത്, അഴികൾ പിടിച്ച് ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ അമ്മ കേട്ടിരുന്നത്രെ. ‘അമ്മേ, എന്നെ വന്ന് എടുക്കമ്മേ’ എന്ന ദീനരോദനം! അത് അമ്മയിലുണ്ടാക്കിയ മാനസികാഘാതം ഒരുപക്ഷെ എന്റെ ജനനം വരെ ഉണ്ടായിരുന്നിരിക്കാം. ഓർമ വച്ച കാലം, അമ്മ പറഞ്ഞുതന്ന കഥകൾ കേട്ടതിന് ശേഷം ഇന്നും എനിക്ക് ലഭിക്കാതെ പോയ ആ ജ്യേഷ്ഠത്തിയെക്കുറിച്ചോർത്ത്‌ വേദനിച്ചിട്ടുണ്ട്, ഇന്നും ഒരു വിങ്ങലായി അത് മനസ്സിലവശേഷിക്കുന്നുമുണ്ട്. പക്ഷെ വിധിവൈപര്യത്തിന് ഉത്തരമില്ലല്ലോ!

ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട ആ ജീവനുകൾ ഇല്ലാതാകുന്നില്ല, ആരൊക്കെയോ എന്തൊക്കെയോ ആയി അവർ നമുക്ക് ചുറ്റുമുണ്ട്. നമ്മൾ ഒരുപക്ഷെ അവഗണിക്കുന്നവരായി – അത് മനുഷ്യനാവട്ടെ, മൃഗങ്ങളാകട്ടെ അതല്ലെങ്കിൽ മണ്ണിൽ നിന്ന് സാകൂതം മുളച്ചു പൊങ്ങുന്ന ഒരു ഇളം തൈയാകട്ടെ! അവർ നമ്മുടെ ആരൊക്കെയോ ആണ് എന്ന ഒരൊറ്റ തോന്നൽ മതി നമ്മുടെ ജീവിതം മാറ്റിമറിക്കാൻ. എല്ലാറ്റിനേയും നിരുപാധികമായി സ്നേഹിക്കാൻ എന്നാണോ നാം പഠിക്കുന്നത്, അന്ന് പ്രപഞ്ചം മുഴുവൻ നമ്മുടേതാണ്, അവിടെ ജീവിതമെന്നത് ഏറ്റവും മനോഹരമായ ഒരനുഭവമായി മാറും, തീർച്ച!

കാല്പനികമായ ചില കാര്യങ്ങളിലൂടെയാണെങ്കിലും നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് ഇതൊക്കെത്തന്നെയാണ്. മൂല്യങ്ങൾ ഉൾക്കൊണ്ടു കഴിഞ്ഞാൽ നമുക്ക് കഥകൾ മാറ്റിവയ്ക്കാം, മനോഹരമായ ഒരു ജീവിതം ജീവിക്കാനാരംഭിക്കാം. ഒരു നാൾ നമ്മളും വെറും ഓർമകളായി മാറും, അതിനിടയിൽ ആർക്ക് വേണ്ടി കാപട്യങ്ങൾ? ആരെ വെറുക്കാൻ? എന്തിന് സങ്കീർണതകൾ? സൂര്യനെയും, ചന്ദ്രനെയും, മേഘങ്ങളെയും, കല്ലിനെയും, മണ്ണിനെയും, ജീവജാലങ്ങളെയും ഒക്കെ നിരുപാധികം സ്നേഹിച്ച് ഒരു ജീവിതം. അങ്ങനെ ജീവിച്ചു തുടങ്ങുമ്പോൾ, നിങ്ങൾക്കാവശ്യമുള്ളത് നിങ്ങൾ പോലുമറിയാതെ നിങ്ങളിലെത്തിച്ചേരും, തീർച്ച! തികഞ്ഞ കൃതജ്ഞതാ ഭാവത്തോടെ പ്രപഞ്ചത്തെ നോക്കുക, അതുമാത്രം!

രാത്രി നടത്തം കഴിഞ്ഞു, പ്രദക്ഷിണം വച്ചെന്ന പോലെ തിരികെ നമ്മുടെ സ്ട്രീറ്റിലെത്തിയപ്പോഴേക്കും രണ്ടു നായ്ക്കളും റോഡിന്റെ മറ്റേ അറ്റത്ത് കാത്തിരിക്കുകയായിരുന്നു. ഒരു കൈയിൽ കുഞ്ഞു മകൾ, മറ്റേ വിരൽത്തുമ്പിൽ പിടിച്ച് മറ്റൊരുവൻ, ചെടികളെ തൊട്ടും തലോടിയും മൂത്തമകൾ ഇരുവശങ്ങളിലുമായി കാവൽ ഭടന്മാരെ പോലെ രണ്ടു നായ്ക്കൾ. ഞങ്ങളെ വീട്ടിൽ കൊണ്ടു ചെന്നാക്കി അവർ ഇരുട്ടിലെവിടെയോ അപ്രത്യക്ഷരായി!

 •  0 comments  •  flag
Share on Twitter
Published on July 25, 2021 23:31
No comments have been added yet.