ഒരു കൗമാരക്കാരന്റെ നഷ്ടസ്മൃതികൾ

“എവിടെ അവൻ?”

വരാന്തയിൽ നിന്ന് വലിയമ്മാമന്റെ ശബ്ദം കേട്ടപ്പോൾ ഉള്ളിൽ ഒരാളലാണ് തോന്നിയത്. കുഞ്ഞും നാൾ മുതൽ ഈശ്വരന്റെ പര്യായമായാണ് അമ്മ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നത്. മാതൃത്വത്തിന്റെ ഒരു പുരുഷ രൂപം സങ്കൽപ്പിക്കാമെങ്കിൽ, അതായിരുന്നു അദ്ദേഹം! മരുമക്കത്തായം എന്നേ അവസാനിച്ചിരുന്നുവെങ്കിലും കുടുംബത്തിൽ നില നിന്നിരുന്നത് അതു തന്നെയായിരുന്നു. കറകളഞ്ഞ സ്നേഹത്തോടെയല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ല, പക്ഷെ ഭയത്തിൽ അദ്ദേഹത്തിൻറെ മുന്നിൽ നിൽക്കാൻ അന്നെന്നല്ല, ഇന്നുമെനിക്ക് സാധിക്കാറില്ല.

മരുമക്കത്തായത്തെ കുറിച്ച് സംസാരിക്കുമ്പോൾ പ്രവർത്തിക്കുന്ന സംഘടനയുടെ സെക്രട്ടറിയായ വിദേശ വനിത ഒരൽപം സംശയത്തോടെ ചോദിച്ചിരുന്നു, എങ്ങനെയാണ് ഒരമ്മാമൻ കുടുംബനാഥനാവുക എന്ന്. ഇതിനർത്ഥം അച്ഛന്റെ വാക്കുകൾ തീരെ വിലമതിക്കുന്നില്ല എന്നല്ല, പകരം തീരുമാനങ്ങളെടുക്കുമ്പോൾ അതിൽ മാതുലന്റെ പങ്ക് വലുതാണ് എന്നതാണ്. അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ അത് ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനം മാത്രമാകില്ല, പകരം സ്വന്തം സഹോദരിയുടെ കരുതലിലുമൂന്നിയായിരിക്കും. അതാകട്ടെ ഒരു കുടുംബത്തിന്റെയാകെ ശ്രേയസ്സിനാകും.

ഒരു ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കണ്ണൂരിലായിരുന്നു അന്ന് ജോലി ചെയ്തിരുന്നത്. അവധിക്കാലങ്ങൾ ചിലവഴിക്കാൻ അദ്ദേഹം ജോലി ചെയ്തിരുന്ന മിക്ക സ്ഥലങ്ങളും ഞാനും സന്ദർശിച്ചിട്ടുണ്ട്. അമ്മായി ഉണ്ടാക്കിയ സ്വാദിഷ്‌ഠമായ ഭക്ഷണം, പുത്തൻ വസ്ത്രങ്ങൾ, ഒപ്പമുള്ള യാത്രകൾ, അവയൊക്കെ പ്രിയപ്പെട്ടതായിരുന്നു അന്ന്. ഒരുപക്ഷെ ബാല്യത്തിലെ നിറമുള്ള ഓർമ്മകൾ!

“ഞാൻ ഇവിടെയുണ്ടമ്മാമാ” ചുമരിന് പിന്നിൽ ഒളിഞ്ഞു നിന്നുകൊണ്ട് ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ‘ഇങ്ങോട്ട് വാ’ എന്ന് കേട്ടപ്പോൾ ഞാൻ മെല്ലെ നടന്ന് മുന്നിൽ തല കുനിച്ചു പിടിച്ചു നിന്നു.

“എന്താ ഭാവി പരിപാടി” പത്രത്തിൽ കണ്ണും നട്ട് അദ്ദേഹം ചോദിക്കുന്നത് ഞാൻ കേട്ടു.

പ്ലസ് ടു കഴിഞ്ഞിരിക്കുന്നു. ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ തീരുമാനമെടുക്കാൻ സമയമായി എന്ന് അപ്പോഴാണോർക്കുന്നത്. പക്ഷെ ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിച്ചിരുന്നത് പോലുമില്ല. എവിടെയെങ്കിലും പഠിക്കുക, എങ്ങനെയെങ്കിലും ഒരു ചെറിയ ജോലി സംഘടിപ്പിക്കുക, ഇതിനപ്പുറമൊന്നും ചിന്തിക്കാനുള്ള പരിതഃസ്ഥിതിയല്ല വീട്ടിൽ. ഇല്ലായ്മകൾക്കൊപ്പം വലിയ സ്വപ്നങ്ങളും ഉപേക്ഷിച്ചിരുന്നു ഞാൻ.

‘ചിലപ്പോൾ അമ്മാമന്റെ ശുപാർശയിൽ വല്ല ബാങ്കിലും ജോലി തരപ്പെടുത്തുമായിരിക്കും’ എന്ന് അമ്മ ചിലനേരങ്ങളിൽ പറയാറുണ്ടെങ്കിലും, കണക്കെന്ന വാക്കു കേൾക്കുമ്പോൾ തന്നെ വകയിൽ ഒരമ്മാമന്റെ ദീർഘിച്ച നുള്ളും നീലപ്പാടുകളും മാത്രമേ ഓർമയിൽ വന്നിരുന്നുള്ളൂ. ഒരുപക്ഷെ ഹയർ സെക്കന്ററി പരീക്ഷയിൽ ആ വിഷയത്തിൽ പാസായത് കുടുംബ ക്ഷേത്രത്തിൽ കൈക്കൂലിയായി പറഞ്ഞ പുഷ്‌പാഞ്‌ജലി കൊണ്ട് മാത്രമാണെന്നാണ് വിശ്വാസം.

“അങ്ങനെ ഒന്നും ചിന്തിച്ചില്ല അമ്മാമാ” – ഞാൻ പറഞ്ഞൊപ്പിച്ചു. ഒരൽപം സമയത്തെ മൗനത്തിന് ശേഷം അദ്ദേഹം അമ്മായിയോട് കോഡ്‌ലെസ് ഫോൺ കൊണ്ട് വരാൻ പറയുന്നത് കേട്ടു.

“അച്ഛന്റെ വീട്ടുകാർ വലിയ ആയുർവേദ ഡോക്ടർമാർ അല്ലേ, നമുക്കൊന്ന് നോക്കാം”

നമ്പർ ഡയൽ ചെയ്യുന്നതിനൊപ്പം അദ്ദേഹം പറയുന്നത് കേട്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി! ഈശ്വരാ, ഒരു ഡോക്ടറോ? ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ കുറച്ചൂടെ നന്നായി പഠിച്ചേനെ ഞാൻ! സ്വപ്നങ്ങൾക്കൊക്കെ സങ്കൽപ്പിക്കാൻ പറ്റാത്തത്ര ഉയരത്തിലുള്ള സ്വപ്നമായിരുന്നു അത്. പഠിക്കാൻ പണം വേണം. മൂന്ന് നേരം നന്നായി ഭക്ഷണം കഴിക്കാനുള്ള പാട് എനിക്കും അമ്മയ്ക്കും മാത്രമേ അറിയൂ. പക്ഷെ അദ്ദേഹം നിശ്ചയിപ്പിച്ചുറപ്പിച്ച മട്ടിലായിരുന്നു.

ഫോൺ സംഭാഷണം ഉഡുപ്പിയിലെ അച്ഛന്റെ അടുത്ത ബന്ധുവുമായായിരുന്നു.

“നമ്മുടെ കുട്ടന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനിക്കേണ്ടേ? അവനെ നിങ്ങളുടെ പാരമ്പര്യം പോലെ ആയുർവേദം പഠിപ്പിച്ചാൽ എന്താണെന്ന് ആലോചിക്കുകയായിരുന്നു” – അമ്മാമൻ പറയുന്നത് കേട്ടു. അച്ഛൻ ജനിച്ചുവളർന്നത് ആയുർവേദം അന്തരീക്ഷം തന്നെയായിരുന്ന ഒരിടത്തായിരുന്നു. മിക്ക ബന്ധുക്കളും അറിയപ്പെടുന്ന ഭിഷഗ്വരന്മാരാണ്. എന്തായാലും ഏതാനും നിമിഷങ്ങൾക്കകം, ഏതാനും പേരോട് സംസാരിച്ചപ്പോൾ തന്നെ കാര്യങ്ങൾ ഏതാണ്ട് ഉറപ്പിച്ച അമ്മാമൻ പറഞ്ഞു നമുക്ക് നോക്കാമെന്ന്.

ഏതോ ഒരു സ്വപ്നലോകത്തായിരുന്നു പിന്നീട് ഞാൻ. രണ്ടു മൂന്ന് മാസങ്ങളുണ്ട്, പക്ഷെ കർണാടകയിലെ ആയുർവേദ കോളേജിന്റെ വരാന്തയിൽ വെള്ള കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് നടക്കുന്ന എന്നെ ഞാൻ കണ്ടു. രോഗികളോട് സ്നേഹവായ്പ്പോടെ സംസാരിക്കുന്നതും, പരിശോധിക്കുന്നതും, എന്തിന് ആ മരുന്നുകളുടെ ഗന്ധം പോലും ഞാൻ ഭാവന ചെയ്തു.

വീട്ടിലെ കാര്യവും അതുപോലെ തന്നെയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറി മറിഞ്ഞു. കുട്ടൻ ആയുർവേദ ഡോക്ടറാകാൻ പോകുന്നു എന്ന വാർത്ത പരന്നപ്പോൾ പലരും നോക്കിയത് പോലും ഭക്തി ബഹുമാനത്തോടെയായിരുന്നു. അമ്മയുടെയും അനുജത്തിയുടെയും സന്തോഷം വീർപ്പ് മുട്ടിക്കുന്നതായിരുന്നു. ദേശദേവനായ വിഷുമൂർത്തിയുടെ മുന്നിൽ നിന്നപ്പോൾ ഞാൻ പോലുമറിയാതെ കണ്ണുനീർത്തുള്ളികൾ ധാര ധാരയായി അടർന്നു വീണു.

ദേവാ , ഒന്നും ആഗ്രഹിച്ചിട്ടില്ല. പ്രാർത്ഥനകൾ പോലും വാക്കുകൾക്കപ്പുറത്തെ മൗനമായിരുന്നു. ഒന്നും ആവശ്യപ്പെട്ടിട്ടില്ല, പട്ടിണിയാണെങ്കിലും അങ്ങ് തരുന്നതൊക്കെ സന്തോഷത്തോടെ സ്വീകരിച്ചിട്ടേ ഉള്ളൂ. ഈ നിസ്സാരനായവന് ഇത്രയും വലിയ അനുഗ്രഹങ്ങളാണോ അങ്ങ് കരുതിവച്ചിരുന്നത്?

ചെറിയൊരു ഡൊണേഷൻ വേണം, പിന്നെ മാസം തോറുമുള്ള പണത്തിനായി അന്ന് ജോലിയില്ലാതെ വീട്ടിലിരിക്കുകയായിരുന്ന അച്ഛന് ഒരു ജോലി തരപ്പെടുത്താം എന്നായിരുന്നു അമ്മാമന്റെ കണക്കുകൂട്ടൽ. കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ അങ്ങനെ അച്ഛൻ വീണ്ടും ജോലിക്ക് പോകാനാരംഭിച്ചു. അച്ഛന്റെ ജോലി, വരുമാനം, കാത്തിരിക്കുന്ന കോളേജ് – എത്ര പെട്ടെന്നാണ് ജീവിതം മാറുന്നത്.

കോളേജിലേക്ക് പുറപ്പെടാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ, അച്ഛൻ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കുന്നിൻ മുകളിലെ തറവാട്ട് വീട്ടിൽ ഉമ്മറപ്പടിയിൽ അച്ഛനെ നോക്കിയിരിക്കുമ്പോൾ ദൂരെ നിന്ന് അദ്ദേഹം വേച്ചു വേച്ചു നടന്നു വരുന്നത് കണ്ടു. അദ്ദേഹത്തിൻറെ മുഖത്ത് എന്തോ പന്തികേടുണ്ടായിരുന്നു.

“അച്ഛാ കോളേജിലേക്ക് പോകാൻ രണ്ടു ദിവസമേ ഉള്ളൂ” ഞാൻ മെല്ലെ പറഞ്ഞു. പക്ഷെ കൈയിലുള്ള പൊതി ഒരു മൂലയിലേക്ക് വലിച്ചറിഞ്ഞു അദ്ദേഹം പറയുന്നത് ഞാൻ നടുക്കത്തോടെ കേട്ടു-

“ഇവിടെ ആരും കോളേജിലൊന്നും പോയി പഠിക്കേണ്ട. ഞാൻ ജോലി ചെയ്യുന്നത് നിർത്തി”

അമ്മയുടെ മുഖത്തും പരിഭ്രമമുണ്ടായിരുന്നു. പക്ഷെ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ശരിയാവുമായിരിക്കും എന്ന ഉറപ്പിൽ ചാണകം മെഴുകിയ നിലത്തിട്ട പായയിൽ ഞാനും കിടന്നു. ഉറക്കം വരുന്നില്ല, പക്ഷെ അമ്മ പറഞ്ഞത് പോലെ ഒക്കെ ശരിയാവുമായിരിക്കും. പക്ഷെ രാവിലെ അദ്ദേഹം ജോലിക്ക് പോകാനുള്ള സമയമായിട്ടും എഴുന്നേൽക്കാതെയായി മെല്ലെ അടുത്തു പോയി ചോദിച്ചപ്പോൾ രാത്രിയിലെ അതേ വാക്കുകൾ അദ്ദേഹം ആവർത്തിക്കുകയായിരുന്നു.

ഒരു നിമിഷം ലോകം മുഴുവൻ എന്റെ മുന്നിൽ നിശ്ചലമാകുന്നത് ഞാനറിഞ്ഞു. അമ്മാമനോട് പറഞ്ഞു നോക്കാമെന്ന ഉറപ്പിൽ അമ്മയ്‌ക്കൊപ്പം രാവിലെ തന്നെ ഞാനും ഫോൺ സൗകര്യമുള്ള വെള്ളിക്കോത്തെ വീട്ടിൽ ചെന്നു. രാത്രി തിരിച്ചു വിളിക്കാമെന്ന വാക്ക് കേട്ട് ഞങ്ങൾ അവിടെ തന്നെ തുടർന്നു. ആ ഒരു നാൾ ഒരു യുഗമായാണ് എനിക്ക് തോന്നിയത്. രാത്രി ഫോൺ ബെൽ മുഴങ്ങിയപ്പോൾ നെഞ്ചിൽ ഒരു ഇടിമിന്നലേറ്റ പോലെ.

“അവന് ഞാൻ ജോലി ശരിയാക്കിയത്, മാസം മാസം കൊടുക്കാനുള്ള ഫീസൊക്കെ അതുവഴി കിട്ടുമല്ലോ എന്നോർത്താണ്. ആദ്യം കൊടുക്കാനുള്ള ഡൊണേഷന് ഞാൻ വഴി കണ്ടിട്ടുണ്ടായിരുന്നു. ഇനിയിപ്പോ എന്താ ചെയ്യുക. അവന് യോഗമില്ലെന്ന് കരുതാം. ഇനി അവനിഷ്ടമുള്ളത് കോഴ്‌സ് തിരഞ്ഞെടുക്കാം’

ഒരു ഇടിമിന്നലേറ്റത് പോലെയാണ് ഞാനത് കേട്ട് നിന്നത്. മാസങ്ങളായി കണ്ടിരുന്ന സ്വപ്നങ്ങളൊക്കെ വെറും ദിവാസ്വപ്നങ്ങളായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. മുഖത്തെ കണ്ണട വലിച്ചൂരി ഞാൻ തറയിലേക്കെറിഞ്ഞപ്പോൾ അതിലെ ഗ്ലാസ്സ് പൊട്ടിച്ചിതറുന്നത് ഞാൻ കണ്ടു – ഒപ്പം എന്റെ ജീവിതവും!

ഇന്ന് ചിന്തിക്കുമ്പോൾ അതൊരു നിസാരമായ സംഭവമാണ്. ആ വിഷയം പഠിക്കാൻ സാധിച്ചില്ലെങ്കിലെന്ത്, മറ്റൊരു വിഷയം പഠിക്കുക, ഒരു ജോലി സമ്പാദിക്കുക, അത്ര മാത്രം. വലിയൊരു കുടുംബത്തിൽ ജനിച്ചിട്ടും, ഉയർന്ന നിലയിലുള്ള ആളുകൾ ബന്ധു ജനങ്ങളായി ഉണ്ടായിരുന്നിട്ടും ജനിച്ച നാൾ മുതൽ പട്ടിണിയും ദാരിദ്ര്യവുമായി മല്ലിടുന്ന ഒരു ബാലകനെ സംബന്ധിച്ചെടുത്തോളം അത് ഉണങ്ങാത്ത ഒരു മുറിവായിരുന്നു. ആ കൗമാരക്കാരന്റെ മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്ന ആ അനുഭവം ഒരു വിഷാദ രോഗമായി എന്നെ വേട്ടയാടി. വിധിവൈപര്യം പോലെ ഏതാനും വർഷങ്ങൾക്ക് ശേഷം അതേ സ്വപ്‌നങ്ങൾ വീണ്ടും എന്നെ തേടി വന്നപ്പോഴേക്കും, അതേ കോളേജിൽ പഠിക്കാനുള്ള അവസരം ലഭിച്ചപ്പോഴേക്കും, മുൻ കാലങ്ങളിലെ ഓർമകളോ, പരാജയങ്ങളോ മൂലം ഒരു വികലമായ മാനസികാവസ്ഥയിൽ വിളിപ്പുറത്ത് ഒക്കെ എന്നെ കൈവിട്ടു പോകുന്നത് ഞാൻ ദു:ഖത്തോടെ മനസിലാക്കി.

ആരും ഉണ്ടായിരുന്നില്ല സമാശ്വസിപ്പിക്കാൻ. കുത്തുവാക്കുകൾ കേട്ട് മടുത്തതോടെ എല്ലാവരിലും നിന്നും ഞാൻ ഓടിയൊളിക്കാൻ തുടങ്ങി. ഒരു പാപിയുടെ പരിവേഷത്തോടെയാണ് എല്ലാവരും നോക്കിയിരുന്നതെന്ന് മനസിലാക്കുകയായിരുന്നു ഞാൻ. അന്നുമിന്നും ആരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഓരോരുത്തർക്കും അവരവരാഗ്രഹിക്കുന്ന രീതിയിൽ എന്നെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ സ്വന്തം അമ്മാമനുൾപ്പെടെ ഏറ്റവും പ്രിയപ്പെട്ടവർ പോലും, മറ്റുള്ളവരുടെ വാക്കുകളിലൂടെ എന്നെ മനസിലാക്കാൻ ശ്രമിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ജീവിതത്തിന് സമ്മാനിച്ചത്. സ്വന്തം ജീവിതത്തിന്റെ റിമോട്ട് മറ്റാരുടേതോ കയ്യിലാണെന്ന തിരിച്ചറിവിൽ ആ പാരതന്ത്ര്യത്തിൽ നിന്ന് വിടുതലിനായിരുന്നു പിന്നീടത്തെ ശ്രമം. അതിൽ ആത്മഹത്യാ ശ്രമങ്ങളും ഉൾപ്പെട്ടിരുന്നു!

എല്ലാവരിലും നിന്നും ഒടിയകലാനുള്ള ആ ശ്രമത്തിൽ, ആ ഒറ്റപ്പെടലിൽ, കുഞ്ഞും നാളിൽ പയ്യന്നൂരിലെ പടർന്നു പന്തലിച്ചു ഗോമാവുകളുടെ ശിഖരങ്ങളിലിരുന്ന് കുത്തിക്കുറിച്ച വരികൾ എന്റെ ഓർമയിലെത്തി. ആ അക്ഷരങ്ങളായിരുന്നു പിന്നീടെന്റെ അഭയം. അവയിലെ അർഥം തേടി ഒടുവിലെത്തിയത് ആദി ശങ്കരാചാര്യന്റെ പാദസ്പർശം കൊണ്ട് ധന്യമായ ശൃഗേരിയിലും! സ്വന്തം മകനെന്നോണം സ്നേഹിച്ച ഡോ. ഗിരിധര ശാസ്ത്രികളുടെ കീഴിൽ വേദാധ്യയനത്തിന് ആരംഭം. അറിവിനുമപ്പുറത്തെ അജ്ഞാതമായ തലത്തെ പറഞ്ഞു തന്ന സ്വാമി നിത്യാനന്ദ ഭാരതി! ഒരു പുതിയ വ്യക്തിയായി ഞാൻ പരിണമിക്കുമ്പോഴും ഒരു ബാല്യത്തിന്റെ വ്യഥയാകെ ചില നേരങ്ങളിൽ എന്നെ തളർത്തിയിരുന്നു. അതിന്നും എന്നിൽ മയങ്ങിക്കിടക്കുന്നുവെന്ന സത്യം ഞാൻ തിരിച്ചറിയുന്നു.

തുംഗാ നദിയുടെ തീരങ്ങളിലെ വനാന്തരങ്ങളിൽ അപൂർവ്വമായ ഒരു ഗന്ധമുണ്ടായിരുന്നു. കണ്ണടച്ചിരുന്ന് ആ ഗന്ധം ഉള്ളിലേക്ക് ആവാഹിക്കുമ്പോൾ നദിയുടെ കളകളാരവം അപ്രത്യക്ഷമായി – പകരം മൗനം മാത്രം! അനിർവ്വചനീയമായ ആ മൗനത്തിൽ അന്ന് ആദ്യമായി ഞാനെന്നെ കണ്ടു! ശരീരമനസ്സുകൾക്ക് മുകളിൽ ഞാൻ എന്ന ആത്മപ്രകാശം!

• • •

‘മാമാ, റിസൾട്ട് ഇനിയും അറിഞ്ഞില്ല’ ഏക മരുമകനാണ് മറുതലക്കൽ. ഹയർ സെക്കന്ററി പരീക്ഷ കഴിഞ്ഞു ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് അവൻ.

‘അറിഞ്ഞു മോനെ. വാട്സ്ആപ്പിൽ അയച്ചിട്ടുണ്ട് അത്. അഭിന്ദനങ്ങൾ ‘ ഞാൻ പറഞ്ഞു.

രാവിലെ മുതൽ അതിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഒടുവിൽ കിട്ടിയ ഉടനെ തന്നെ എല്ലാവർക്കും അയച്ചു കൊടുത്തു. അസുഖമായി ഏതാനും നാൾ വിശ്രമിക്കേണ്ടി വന്നെങ്കിലും ഉയർന്ന മാർക്കോടെയാണ് അവൻ പാസായിരിക്കുന്നത്. ഇനി ഭാവി സുഭദ്രമാക്കാവുന്ന ഒരു കോഴ്സ് തിരഞ്ഞെടുക്കണം, അതിനായി അധ്വാനിക്കണം, അത്ര മാത്രം. എനിക്കുണ്ടായിരുന്ന സാഹചര്യങ്ങളല്ല അവന്. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ മുത്തശ്ശിയും മുത്തശ്ശനുമുണ്ട്, അവന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ പ്രാപ്തരായ മാതാപിതാക്കളുണ്ട്, ഏതു സാഹചര്യത്തിലും ഒരു പർവ്വതമെന്നോണം പിന്തുണയുമായി ഈ അമ്മാമനുണ്ട്, ഒപ്പം ഏട്ടൻ പഠിച്ചു വലിയ ആളാവാൻ കാത്തിരിക്കുന്ന എന്റെ കുട്ടികളുണ്ട്.

അനുജത്തിയുടെ ഒരിത്തിരി വേദനയോടെയുള്ള ശബ്ദ സന്ദേശം കേട്ടാണ് രാവിലെ ഉണർന്നത്.

‘ഏട്ടാ, മോന്റെ വിജയം വലിയ സന്തോഷമാണ്. പക്ഷെ ഒക്കെ കാണുമ്പോൾ കുറെ കാലങ്ങൾക്ക് മുൻപ് ഏട്ടന് ഇത്രയും പിന്തുണ ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോയി. അങ്ങനെയെങ്കിൽ ഏട്ടന്റെ ജീവിതം തന്നെ മാറുമായിരുന്നു’

ശരിയാണ്. ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു വാക്ക്, ഒരു തലോടൽ അതുമല്ലെങ്കിൽ ഒപ്പമുണ്ടെന്ന ഒരോർമപ്പെടുത്തൽ മതി ഒരു കുട്ടിയുടെ ജീവിതം മാറ്റിമറിക്കാൻ. രണ്ടു പതീറ്റാണ്ടായി അസംഖ്യം കുട്ടികൾക്കൊപ്പം, മുതിർന്നവർക്കൊപ്പം വാക്കുകൾ പങ്കിടാൻ അവസരമുണ്ടായിട്ടുണ്ട്. ആ കുഞ്ഞു കുട്ടികളിൽ ഞാൻ കാണാൻ ശ്രമിച്ചത് ഛിന്നഭിന്നമായി തകർക്കപ്പെട്ട എന്റെ ബാല്യം തന്നെയായിരുന്നു, ജീവിതത്തിൽ പകച്ചു പോയ മുതിർന്നവരെ നെഞ്ചോട് ചേർക്കുമ്പോൾ ഞാനറിഞ്ഞത് എന്റെ സ്വന്തം ഹൃദയമിടിപ്പാണ്. എമിലി ഡിക്കിൻസണ്‍ എഴുതിയത് പോലെ “ഒരു ഹൃദയത്തെയെങ്കിലും തകർച്ചയിൽ നിന്ന് എനിക്ക് രക്ഷിക്കാൻ സാധിച്ചെങ്കിൽ, ഒരു കുഞ്ഞു ജീവനെയെങ്കിലും തഴുകി ആശ്വസിപ്പിക്കാൻ സാധിച്ചെങ്കിൽ, തളർന്നു വീണ ഒരു കിളിയെ അതിന്റെ കൂട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചെങ്കിൽ – അതുമതി, ജീവിതം സാർത്ഥകമാകാൻ!” ഇതേ ചിന്തയാണ് ഇന്നും മുന്നിലേക്ക് നയിക്കുന്നത്. എല്ലാറ്റിനും ആധാരം മുൻപെങ്ങോ ‘ജീവിതത്തിന്റെ ഒടുക്കം’ എന്ന് തോന്നിയ ആ നിമിഷങ്ങളായിരുന്നുവെന്ന് ഓർക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു മന്ദഹാസമാണ്.

‘എന്നിട്ടെന്താ ഇപ്പൊ സംഭവിച്ചേ? പഠിച്ചു പൂർത്തീകരിച്ചിരുന്നെങ്കിൽ ഏതെങ്കിലും ഒരു ക്ലിനിക്കിൽ, അല്ലെങ്കിൽ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച് ഞാൻ ജീവിതം തള്ളി നീക്കിയേനെ. ഒരുപക്ഷെ കൂടെ പഠിച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങിയ പലരെക്കാളേറെ ആയുർവേദത്തെ സ്നേഹിക്കുന്നുണ്ട് ഈയുള്ളവൻ, ആ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതിനൊപ്പം വാക്കിലൂടെയും എഴുത്തിലൂടെയും ഒപ്പമുള്ളവർക്കായി പങ്കുവയ്ക്കുന്നുണ്ട്. മറ്റാരെയും ബോധ്യപ്പെടുത്താൻ തുനിയാറില്ലെങ്കിലും എല്ലാറ്റിലുമുപരി അർഥപൂർണമായ ഒരു ജീവിതം നയിക്കുന്നുണ്ട്. ഈ വാക്കുകളിലെ സത്യം, ജീവിതത്തിന്റെ സാർത്ഥകത ഒരുപക്ഷെ അക്ഷരങ്ങളിലൂടെ ഈ ഭൂമിയിൽ എന്നെന്നേക്കും നിലനിന്നേക്കാം! അവിടെയും, അവസാന വിധി പരമോന്നതനായ ആ ന്യായാധിപന്റേതായിരിക്കുമെന്ന് മാത്രം!’

അനുജത്തിക്ക് മറുപടിയായി ഇതൊക്കെ മനസിലുണ്ടായിരുന്നുവെങ്കിലും ഒരു കൂപ്പു കൈ മാത്രം നൽകി ആ സംഭാഷണമവസാനിപ്പിച്ചു.

ജീവിതത്തിൽ പലപ്പോഴായി നമ്മൾ കരുതുന്ന തെറ്റുകൾ കാലാന്തരത്തിൽ പക്ഷെ വലിയ ശരികളായി മാറും. പരാജയങ്ങൾ അവ വൻ വിജയങ്ങളാകാം. പ്രപഞ്ചത്തിന് അതിന്റേതായ വഴികളുണ്ട്, നമ്മുടെ നിസ്സാര യുക്തികൾക്കപ്പുറം അർത്ഥങ്ങളുണ്ട്. ഭേദഭാവങ്ങളില്ലാതെ ജീവിതത്തെ അതേ പടി ഉൾക്കൊള്ളുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒരു മന്ദഹാസം വിടരും – ബുദ്ധന്റെ ചുണ്ടിലെ അതേ മന്ദഹാസം!

ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ബാലകൻ കടന്നു പോയ സംഘർഷങ്ങൾ എത്ര തന്മയത്ത്വത്തോടെ അവതരിപ്പിക്കാൻ സാധിച്ചുവെന്ന് അറിയില്ല. പക്ഷെ മാതാപിതാക്കളോട് ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ – കുട്ടികൾ, അവർ എല്ലാമെല്ലാമാണ് നമുക്ക്. അവരുടെ ഇഷ്ടങ്ങൾ പരിശോധിച്ച്, വരും വരായ്കകൾ ചർച്ച ചെയ്ത് അവർക്ക് വഴികാട്ടുമ്പോൾ ചിന്തിക്കണം, അവർ ഒരു വ്യക്തിയല്ല, പകരം ഒരു തലമുറയാണെന്ന്. അവരുടെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളാകട്ടെ, ചേർത്തു നിർത്തി അന്വേഷിക്കണം. ഒരു ചെറിയ ചായക്കോപ്പയിലെ വെള്ളം നമുക്ക് നിസ്സാരമാണ്, പക്ഷെ അതിൽ പതിച്ച ഒരെറുമ്പിനെ സംബന്ധിച്ചെടുത്തോളം അത് നിലയില്ലാ കയങ്ങളാണ്. നിങ്ങളുടെ ഒരു ചെറിയ തീരുമാനം പോലും നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത പ്രത്യാഘാതങ്ങളാണ് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുകയെന്നത് തിരിച്ചറിയുക.

ഖലീൽ ജിബ്രാന്റെ പറയുന്നു:

“നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിന്റെ സന്തതികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നതെങ്കിലും നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമല്ല. അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകൂ, പക്ഷേ ചിന്തകളല്ല. എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.

അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങളെ ഒരു വില്ലായി സങ്കൽപ്പിക്കാമെങ്കിൽ തൊടുത്തുവിട്ട ശരങ്ങളാണ് കുട്ടികൾ. അവരെ സ്നേഹിക്കുക , അത്രമാത്രം!”

‘സ്മൃതിപഥങ്ങൾ’ എന്ന പുസ്തകത്തിലേക്ക് അദ്ധ്യായങ്ങൾ ഇനിയും എഴുതിച്ചേർക്കുമ്പോൾ ഒട്ടേറെ കഥാപാത്രങ്ങൾ ഇനിയും കടന്നു വരാനിരിക്കുന്നു. പച്ചയായ യാഥാർഥ്യങ്ങൾ ഇനി വരും കാലങ്ങൾക്കായി എഴുതുമ്പോൾ കഥാപാത്രങ്ങളെ വേദനിപ്പിക്കാനോ അവരെ മോശമായി ചിത്രീകരിക്കാനോ ആഗ്രഹമില്ല. അവർക്കൊക്കെ അവരവരുടെ ശരിതെറ്റുകൾ ഉണ്ടായേക്കാം. പക്ഷെ അറിയാതെ പോയ പല സത്യങ്ങളും ഈ വാക്കുകളിലൂടെ വരും തലമുറകൾ വായിക്കട്ടെ എന്ന ആഗ്രഹം മാത്രം! അക്ഷരമെന്നത് പോലെ സത്യവും മരണമില്ലാത്തതാണ്. ഇന്നല്ലെങ്കിൽ നാളെ ആ സത്യങ്ങൾ പുറത്തു വന്നേ ഒക്കൂ!

ഒരു യാത്രയുടെ കഥയാണിത് – എവിടെ നിന്നെന്നോ എവിടേക്കെന്നോ അറിയാത്ത അനന്തമായ യാത്രയുടെ ഒരേട്!

 •  0 comments  •  flag
Share on Twitter
Published on July 30, 2021 19:43
No comments have been added yet.